
കൊച്ചി : കൊച്ചി താലൂക്ക് ചെല്ലാനം മറുവക്കാട് പാടശേഖരത്തിൽ ഉൾപ്പെട്ടിട്ടുള്ള തൻ്റെ 5 ഏക്കർ വയലില് പി എൽ ഡി എ ഉത്തരവ് പ്രകാരം സുരക്ഷിതമായി കൃഷി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് 102 വയസ്സ് പ്രായം ഉള്ള വിധവയായ കർഷക ചെല്ലാനം കളത്തിങ്കൽ വീട്ടിൽ ശ്രീമതി ഫിലോമിന ബേബി ജോസഫ് കഴിഞ്ഞ ഫെബ്രുവരിയിൽ പൊക്കാളി നില വികസന ഏജൻസി (പി എൽ ഡി എ) മെമ്പറും പ്രതിപക്ഷ നേതാവുമായ ശ്രീ വി ഡി സതീശന് സങ്കട ഹർജി സമർപ്പിച്ചിരുന്നു.. ഇപ്പോഴത്തെ സർക്കാരിൻ്റെ ഇടപെടലിനെ തുടർന്ന് പി എൽ ഡി എ ചെയർമാൻ ജില്ലാ കളക്ടർ പാടശേഖരത്തിൽ നിന്നും ഉപ്പ് വെള്ളം പൂർണ്ണമായും ഒഴിവാക്കുവാൻ കർശന നടപടികൾ സ്വീകരിച്ചു . ശ്രീമതി ബേബിയുടെ ഉടമസ്ഥതയിലുള്ള വയലിലെ വെള്ളം ഒഴിവാക്കിയ ശേഷം സംരക്ഷണ ചിറ ബലപ്പെടുത്തൽ നിലം ഉഴുതു മറിക്കൽ ഉൾപ്പെടെ കൃഷി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കി ഇന്ന് കൃഷി ആരംഭിച്ചു . കൃഷിഭവനിൽ നിന്നും ലഭിച്ച പൊക്കാളി വിത്തുകൾ ആണ് മുളക്കുമെന്ന് ഉറപ്പാക്കിയതിനു ശേഷം
വിതച്ചത്. മറുവക്കാട് ലിറ്റിൽ ഫ്ലവർ ചാപ്പൽ വികാരി ഫാദർ ക്ലിഫ് ഫെർണാണ്ടസ് വിത്ത് വെഞ്ചരിച്ചു . ഒരു പിടി വിത്ത് പാകി വാർഡ് മെമ്പർ ശ്രീമതി ട്രീസാ ധന്യ വിത്ത് വിതക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചു. ജേക്കബ് മിഥുൻ മഠത്തിപ്പറമ്പിൽ സ്നേഹ മോൾ ജോൺസൺ തറയിൽ സേവിയർ തുടങ്ങിയവർ വയലിലെ തുടർന്നുള്ള കൃഷി പണികൾക്ക് നേതൃത്വം നൽകി . പതിനേഴാം വയസ്സിൽ കർഷകനായ ജോസഫിനെ വിവാഹം കഴിച്ച് നാൾ മുതൽ ഫിലോമിന ബേബി നെൽകൃഷിയിൽ തൻ്റെ ഭർത്താവിനൊപ്പം പ്രവർത്തിച്ചിരുന്നു . 1990ൽ അദ്ദേഹത്തിൻ്റെ വിയോഗത്തിനു ശേഷം ഫിലോമിനയാണ് എല്ലാവർഷവും മുടങ്ങാതെ കൃഷി ചെയ്യുന്നത് . പാടശേഖരത്തിന്റെ ഭാരവാഹികൾ നെൽകൃഷിക്ക് അനുയോജ്യമായ രീതിയിൽ ജലനിരപ്പ് തുടർച്ചയായി നിയന്ത്രിക്കാതെ വന്നത് മൂലം പല വർഷങ്ങളിലും കൃഷി നശിച്ചു. സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായ സാഹചര്യത്തിലാണ് ശ്രീ വി ഡി സതീഷിന് കർഷകനായ മകൻ ഫ്രാൻസിസ് മുഖാന്തരം പുതു യുഗ യാത്രാ വേളയിൽ പരാതി നൽകിയത്.. വയലിലെ ജലനിരപ്പ് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുന്നതിൽ കൃഷി വകുപ്പ് വേണ്ടത്ര ജാഗ്രത പുലർത്തിയാൽ ഒക്ടോബറിൽ നൂറുമേനി വിളവെടുക്കാൻ സാധിക്കും എന്ന് ശുഭ പ്രതീക്ഷയിലാണ് ഇപ്പോൾ വാർദ്ധക്യസഹജമായ ബലഹീനതകൾ മൂലം വിശ്രമ ജീവിതം നയിക്കുന്ന ബേബി ജോസഫ്.
Photo Courtesy - Google









